9/12/2012

മഴക്കാലം...


മഴ പെയ്യുന്നോരീ രാത്രിയില്‍ ഓര്‍ക്കുന്നു നിന്നെ ഞാന്‍ ..........

അന്ന് നമ്മളീ മഴയില്‍ പൂക്കളായ്‌ വിരിഞ്ഞതും ....

മഴ തന്‍ ചിലമ്പൊലി നാദം കാതില്‍ വീണ മീട്ടിയതും .....

അത് കേട്ടു വന്ന വണ്ടുകള്‍ നമ്മളിലെ തേന്‍ നുകര്‍ന്നതും..... 

കാറ്റിനെ മഴ പ്രണയിക്കുമ്പോള്‍ അസൂയ പൂണ്ടതും......

കാറ്റ്‌ മഴയോട് സല്ലപിക്കുമ്പോള്‍ ശല്യപ്പെടുത്തുന്ന ഇടിമിന്നലുകളും.....

ഇന്നെന്‍റെ മനസ്സിലും പേമാരി പെയ്യിക്കുന്നു ...... 
മഴ



                                       മഴ എന്നും ഒരു ഹരമാണ്, കുത്തി ഒലിച്ച് പെയ്യുന്ന മഴയില്‍

ആര്‍ത്തുല്ലസിക്കാന്‍  കൊതിക്കാത്തവരായി ആരും ഉണ്ടാകില്ല.

കുട്ടില്‍ക്കാലത്ത് മഴ എന്ന് കേള്‍ക്ക്കുമ്പോള്‍ തന്നെ മനസ്സിന് എന്തെന്നില്ലാത്ത

സന്തോഷമാണ്, മഴ പെയ്തു തുടങ്ങിയാല്‍ പിന്നെ വീടിനടുത്തുള്ള പുഴ

കവിഞ്ഞു  വീടിനു മുന്നിലുള്ള പാടങ്ങളിലൂടെ ഒഴുകി തുടങ്ങും. പിന്നെ

രാവിലെ മുതല്‍ വെള്ളത്തിലായിരിക്കും, കൂട്ടുകാരുമൊത്ത് കുളി തന്നെ, 

പിന്നെ "ഉപ്പ" വാഴകള്‍ കൂട്ടിക്കെട്ടി ഉണ്ടാക്കിയ കൊച്ചു വള്ളത്തില്‍ തുഴഞ്ഞും

രസിച്ചിരുന്ന ഒരു കാലം' ഒരു പാട് വെള്ളം കയറി മഴ ശക്തമായാല്‍ പിന്നെ

സ്കൂളും ലീവ് അനുവദിക്കും ഇതില്‍ കൂടുതല്‍ എന്ത് സന്തോഷമാണ് അന്ന്

വേണ്ടത്‌...  .അന്നൊക്കെ കിടന്നുറങ്ങുമ്പോള്‍ ഇന്ന് രാത്രി ഒരു പാട് മഴ

പെയ്യണമെന്നും കയറിയിരിക്കുന്ന വെള്ളം ഇറങ്ങാതെ ഇനിയും കൂടണമെന്നും

ഞാന്‍ ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്. 


                                                          ജൂണ്‍ മാസം, വേനലവധി കഴിഞ്ഞു മറ്റൊരു

 അധ്യാനവര്‍ഷം തുടങ്ങുന്ന ദിവസം, മിക്കവാറും അന്ന് മഴ പെയ്യും , എല്ലാം

പുത്തനല്ലങ്കിലും ഉടുത്തിരിക്കുന്ന യൂണിഫോമും ബാഗിലെ ബുക്കുകളും

പുതിയത് തന്നെയായിരിക്കും, അടുത്ത വീട്ടിലെ കുട്ടികളെല്ലാം

പോകുന്നുണ്ടല്ലോ എന്നത് കൊണ്ട് മാത്രം ഉള്ളിലെ സങ്കടം ഒതുക്കി പിടിച്ചു 

മനസ്സില്ലാ മനസ്സോടെ പോകാനൊരുങ്ങുമ്പോള്‍ ഒരൂര്‍ജ്ജം എന്ന പോലെ ഉമ്മ 

പുത്തന്‍ യൂണിഫോമിന്റെ കീശയില്‍ അമ്പതു പൈസ നാണയം ഇട്ടു തരും,

അപ്പോള്‍ മനസ്സിലൊരു ലഡ്ഡു പൊട്ടും, അമ്പതു പൈസക്ക്‌ "തേന്‍മുട്ടായി

വാങ്ങണോ അതോ വിക്സ് മുട്ടായി" വാങ്ങണോ ആകെ ഒരു കണക്ക്

കൂട്ടലുമായി കുട പിടിച്ചു സ്കൂളിലേക്ക് പോയിരുന്ന കാലം. 


                                                  ഇടവഴികളിലൂടെ നടന്നു റോഡിലെത്തിയാല്‍ ഞങ്ങളെ 

വരവേല്‍ക്കാനെന്ന പോലെ ചുവന്ന പൂക്കളാല്‍ അലങ്കരിച്ചു പൂത്തു

നില്‍ക്കുന്ന തണല്‍ മരത്തിനോട് വിശേഷം ചോദിച്ചു അതില്‍ നിന്നും

കൊഴിഞ്ഞ പൂക്കളെ പെറുക്കിയെടുത്ത്‌ സ്കൂള്‍ കുട്ടികളെ ആകര്‍ഷിക്കുന്ന

മിഠായികടക്കാരന്‍  കൊയദ്ദീന്‍ ഇക്കയുടെ  കടയില്‍ നിന്ന് ഉമ്മ തന്ന അന്‍പത്

പൈസക്ക് "തേന്‍മുട്ടായി" വാങ്ങി അതും നുണഞ്ഞു സ്കൂളിലെത്തിയാല്‍

മഴയത്ത്‌ കുടയും പിടിച്ചു അസംബ്ലി തുടങ്ങും. " ഇന്ത്യ എന്റെ രാജ്യമാണ്, 

എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരീ സഹോദരന്മാരാണ്.............. " എല്ലാം

കഴിഞ്ഞുബെല്ലടിച്ചാല്‍ വരി വരിയായി പുതിയ ക്ലാസ്സിലേക്ക്പിന്നെ

അവരവരുടെഇരിപ്പിടംതിരഞ്ഞെടുക്കുന്ന

തിരക്കിലായിരിക്കും എല്ലാവരും. 


                                     " ജനഗണ മന അധിനായക 

ജയഹേ..................  ജയ ജയ ജയജയഹേ " അത്

കഴിഞ്ഞു പിയൂണ്‍ ബെല്ലടിക്കാന്‍

തുടങ്ങുമ്പോഴേക്കും

എല്ലാവരും ഓടിത്തുടങ്ങും .  വീണ്ടും അതെ ഇടവഴികളിലൂടെ ഒഴുകി വരുന്ന 

മഴ വെള്ളത്തില്‍ ഇലകള്‍ പറിച്ചിട്ടു അതിനോടൊപ്പം ഓടിയും നടന്നും

മത്സരിച്ചു വീട്ടിലേക്ക് പോകും. അതൊരു കാലം തന്നെയായിരുന്നു,

ഇന്നിപ്പോള്‍ ഞാന്‍ മഴ കണ്ടിട്ട് രണ്ടു വര്ഷം പിന്നിടുന്നു, ഇന്നിത്

ഓര്‍ത്തെഴുതിയപ്പോള്‍ കാതില്‍ ആ മഴയുടെ നാദം അലയടിക്കുന്നു, ഒരു 

മഴയത്ത് നില്‍ക്കുന്ന പ്രധീതി ഉണ്ടിപ്പോള്‍. ..., ഇനിയൊരു മഴക്കാലം

എന്നാണ്  എന്നെ തേടി വരുക എന്നറിയില്ല............. 
                     
                                                           

അഭിപ്രായങ്ങളൊന്നുമില്ല: