10/07/2012

ഏകാന്തത...!

ഏകാന്തത ......!


                                 ഏകാന്തത,  ഒരുപാട് തലങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ് ഈ ഒരവസ്ഥ. ചിലപ്പോള്‍ അത് വളരെ അസഹനീയവും ചിലപ്പോള്‍ സുഖവും സങ്കടവും എല്ലാം മാറി മാറി വരുന്ന ഒരവസ്ഥ, കഴിഞ്ഞ നാല് മാസക്കാലമായി ഞാനിത് അനുഭവിക്കുന്നു. ആദ്യമൊക്കെ ഒരുപാട് വിഷമമുണ്ടായെങ്കിലും പിന്നീടെപ്പോഴോ ഞാനതിനോട് പൊരുത്തപ്പെട്ടു തുടങ്ങി എന്നുള്ളതാണ് സത്യം. എന്നാലും ചില നിമിഷങ്ങള്‍ ഇപ്പോഴും എനിക്ക്  വിഷമവും സങ്കടവും എല്ലാം തന്നു കൊണ്ടിരിക്കുന്നു. 


                           ഇതേ സമയം ഈ ഏകാന്തത ആഗ്രഹിക്കുന്ന ചില നിമിഷങ്ങളും കടന്നു വരാറുണ്ട്, പലപ്പോഴും വന്നിട്ടുമുണ്ട്. അപ്പോഴെല്ലാം പൂര്‍ണ്ണമായി ഒറ്റക്കിരിക്കാന്‍ സാധിച്ചിട്ടില്ല, ഇപ്പോള്‍ ഇതാ അതിനെല്ലാം പ്രതിഫലം എന്ന പോലെ ഏകാന്തത എന്നെ തേടി വന്നിരിക്കുന്നു. സുഖത്തെക്കാളേറെ ദുഃഖവും സങ്കടവും മാത്രമേ എനിക്ക് അതില്‍ നിന്നും കിട്ടിയിട്ടുള്ളൂ. 

                     
                        മറക്കാന്‍ ശ്രമിക്കുന്ന അല്ലങ്കില്‍ മറന്നു പോകേണ്ട പലതും ഇങ്ങനെ എങ്ങും പോകാതെ മനസ്സിന്‍റെ തീരത്ത് അലയടിച്ചു കൊണ്ടിരിക്കും, ഒരു തിര അടങ്ങിയാല്‍ മറ്റൊന്ന് തൊട്ടു പിറകെ അങ്ങനെ അടിച്ചു കൊണ്ടേയിരിക്കും. എല്ലാ  സൗകര്യങ്ങള്‍ ഉണ്ടായിട്ടും ഈ ഏകാന്തത ഇത്രയൊക്കെ എന്നില്‍ ചെയ്ത് കൂട്ടുന്നുണ്ടെങ്കില്‍ ഒന്നുമില്ലാതെ തിരിഞ്ഞു നോക്കിയാല്‍ ഒരു നിമിഷമെങ്കിലും മനസ്സിനെ കുളിരണിയിക്കുന്ന ഓര്‍മ്മകള്‍ പോലുമില്ലാതെ ഒരു വ്യാഴവട്ടക്കാലം മുഴുവന്‍ ഈ ഏകാന്തതയില്‍ ജീവിക്കുന്ന/ജീവിച്ചിരുന്ന ജന്മങ്ങളെ ഞാനോര്‍ക്കാറുണ്ട് പലപ്പോഴും .

               
                        ഇങ്ങനെ ഏകാന്തതയിലേക്ക് തള്ളപ്പെട്ട ഒരുപാട് പേര്‍ അനുഭവിക്കുന്ന വേദന അതെന്തായിരിക്കും എങ്ങിനെയായിരിക്കും എന്ന് എനിക്കിപ്പോള്‍ ഊഹിക്കാന്‍ കഴിയും. അവരോരോരുത്തരും ആഗ്രഹിക്കുന്നുണ്ടാകും, അവരെ മനസ്സിലാക്കുന്ന അവരോടൊപ്പം സമയം ചിലവഴിക്കുന്ന സ്നേഹ നിധിയായ  ഒരു പങ്കാളിയെ,  അതാരുമാവാം സുഹൃത്ത്‌, ഭാര്യ, ഭര്‍ത്താവ്, സഹോദരന്‍, സഹോദരി അങ്ങനെ സ്നേഹം പകരുന്ന ആരെങ്കിലും. എങ്കിലേ അവരുടെ മനസ്സിലെ തിര അടങ്ങൂ അല്ലങ്കില്‍ അതിങ്ങനെ അല അടിച്ചു കൊണ്ടേയിരിക്കും.   

                            

9/12/2012

മഴക്കാലം...


മഴ പെയ്യുന്നോരീ രാത്രിയില്‍ ഓര്‍ക്കുന്നു നിന്നെ ഞാന്‍ ..........

അന്ന് നമ്മളീ മഴയില്‍ പൂക്കളായ്‌ വിരിഞ്ഞതും ....

മഴ തന്‍ ചിലമ്പൊലി നാദം കാതില്‍ വീണ മീട്ടിയതും .....

അത് കേട്ടു വന്ന വണ്ടുകള്‍ നമ്മളിലെ തേന്‍ നുകര്‍ന്നതും..... 

കാറ്റിനെ മഴ പ്രണയിക്കുമ്പോള്‍ അസൂയ പൂണ്ടതും......

കാറ്റ്‌ മഴയോട് സല്ലപിക്കുമ്പോള്‍ ശല്യപ്പെടുത്തുന്ന ഇടിമിന്നലുകളും.....

ഇന്നെന്‍റെ മനസ്സിലും പേമാരി പെയ്യിക്കുന്നു ...... 
മഴ



                                       മഴ എന്നും ഒരു ഹരമാണ്, കുത്തി ഒലിച്ച് പെയ്യുന്ന മഴയില്‍

ആര്‍ത്തുല്ലസിക്കാന്‍  കൊതിക്കാത്തവരായി ആരും ഉണ്ടാകില്ല.

കുട്ടില്‍ക്കാലത്ത് മഴ എന്ന് കേള്‍ക്ക്കുമ്പോള്‍ തന്നെ മനസ്സിന് എന്തെന്നില്ലാത്ത

സന്തോഷമാണ്, മഴ പെയ്തു തുടങ്ങിയാല്‍ പിന്നെ വീടിനടുത്തുള്ള പുഴ

കവിഞ്ഞു  വീടിനു മുന്നിലുള്ള പാടങ്ങളിലൂടെ ഒഴുകി തുടങ്ങും. പിന്നെ

രാവിലെ മുതല്‍ വെള്ളത്തിലായിരിക്കും, കൂട്ടുകാരുമൊത്ത് കുളി തന്നെ, 

പിന്നെ "ഉപ്പ" വാഴകള്‍ കൂട്ടിക്കെട്ടി ഉണ്ടാക്കിയ കൊച്ചു വള്ളത്തില്‍ തുഴഞ്ഞും

രസിച്ചിരുന്ന ഒരു കാലം' ഒരു പാട് വെള്ളം കയറി മഴ ശക്തമായാല്‍ പിന്നെ

സ്കൂളും ലീവ് അനുവദിക്കും ഇതില്‍ കൂടുതല്‍ എന്ത് സന്തോഷമാണ് അന്ന്

വേണ്ടത്‌...  .അന്നൊക്കെ കിടന്നുറങ്ങുമ്പോള്‍ ഇന്ന് രാത്രി ഒരു പാട് മഴ

പെയ്യണമെന്നും കയറിയിരിക്കുന്ന വെള്ളം ഇറങ്ങാതെ ഇനിയും കൂടണമെന്നും

ഞാന്‍ ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്. 


                                                          ജൂണ്‍ മാസം, വേനലവധി കഴിഞ്ഞു മറ്റൊരു

 അധ്യാനവര്‍ഷം തുടങ്ങുന്ന ദിവസം, മിക്കവാറും അന്ന് മഴ പെയ്യും , എല്ലാം

പുത്തനല്ലങ്കിലും ഉടുത്തിരിക്കുന്ന യൂണിഫോമും ബാഗിലെ ബുക്കുകളും

പുതിയത് തന്നെയായിരിക്കും, അടുത്ത വീട്ടിലെ കുട്ടികളെല്ലാം

പോകുന്നുണ്ടല്ലോ എന്നത് കൊണ്ട് മാത്രം ഉള്ളിലെ സങ്കടം ഒതുക്കി പിടിച്ചു 

മനസ്സില്ലാ മനസ്സോടെ പോകാനൊരുങ്ങുമ്പോള്‍ ഒരൂര്‍ജ്ജം എന്ന പോലെ ഉമ്മ 

പുത്തന്‍ യൂണിഫോമിന്റെ കീശയില്‍ അമ്പതു പൈസ നാണയം ഇട്ടു തരും,

അപ്പോള്‍ മനസ്സിലൊരു ലഡ്ഡു പൊട്ടും, അമ്പതു പൈസക്ക്‌ "തേന്‍മുട്ടായി

വാങ്ങണോ അതോ വിക്സ് മുട്ടായി" വാങ്ങണോ ആകെ ഒരു കണക്ക്

കൂട്ടലുമായി കുട പിടിച്ചു സ്കൂളിലേക്ക് പോയിരുന്ന കാലം. 


                                                  ഇടവഴികളിലൂടെ നടന്നു റോഡിലെത്തിയാല്‍ ഞങ്ങളെ 

വരവേല്‍ക്കാനെന്ന പോലെ ചുവന്ന പൂക്കളാല്‍ അലങ്കരിച്ചു പൂത്തു

നില്‍ക്കുന്ന തണല്‍ മരത്തിനോട് വിശേഷം ചോദിച്ചു അതില്‍ നിന്നും

കൊഴിഞ്ഞ പൂക്കളെ പെറുക്കിയെടുത്ത്‌ സ്കൂള്‍ കുട്ടികളെ ആകര്‍ഷിക്കുന്ന

മിഠായികടക്കാരന്‍  കൊയദ്ദീന്‍ ഇക്കയുടെ  കടയില്‍ നിന്ന് ഉമ്മ തന്ന അന്‍പത്

പൈസക്ക് "തേന്‍മുട്ടായി" വാങ്ങി അതും നുണഞ്ഞു സ്കൂളിലെത്തിയാല്‍

മഴയത്ത്‌ കുടയും പിടിച്ചു അസംബ്ലി തുടങ്ങും. " ഇന്ത്യ എന്റെ രാജ്യമാണ്, 

എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരീ സഹോദരന്മാരാണ്.............. " എല്ലാം

കഴിഞ്ഞുബെല്ലടിച്ചാല്‍ വരി വരിയായി പുതിയ ക്ലാസ്സിലേക്ക്പിന്നെ

അവരവരുടെഇരിപ്പിടംതിരഞ്ഞെടുക്കുന്ന

തിരക്കിലായിരിക്കും എല്ലാവരും. 


                                     " ജനഗണ മന അധിനായക 

ജയഹേ..................  ജയ ജയ ജയജയഹേ " അത്

കഴിഞ്ഞു പിയൂണ്‍ ബെല്ലടിക്കാന്‍

തുടങ്ങുമ്പോഴേക്കും

എല്ലാവരും ഓടിത്തുടങ്ങും .  വീണ്ടും അതെ ഇടവഴികളിലൂടെ ഒഴുകി വരുന്ന 

മഴ വെള്ളത്തില്‍ ഇലകള്‍ പറിച്ചിട്ടു അതിനോടൊപ്പം ഓടിയും നടന്നും

മത്സരിച്ചു വീട്ടിലേക്ക് പോകും. അതൊരു കാലം തന്നെയായിരുന്നു,

ഇന്നിപ്പോള്‍ ഞാന്‍ മഴ കണ്ടിട്ട് രണ്ടു വര്ഷം പിന്നിടുന്നു, ഇന്നിത്

ഓര്‍ത്തെഴുതിയപ്പോള്‍ കാതില്‍ ആ മഴയുടെ നാദം അലയടിക്കുന്നു, ഒരു 

മഴയത്ത് നില്‍ക്കുന്ന പ്രധീതി ഉണ്ടിപ്പോള്‍. ..., ഇനിയൊരു മഴക്കാലം

എന്നാണ്  എന്നെ തേടി വരുക എന്നറിയില്ല............. 
                     
                                                           

9/10/2012

ആട്ടിന്‍ കുട്ടികള്‍......


ഓര്‍മ്മകള്‍ എടുത്ത് വീണ മീട്ടിയാല്‍ അതില്‍ നിന്നുണ്ടാകുന്ന മധുര 

                        സംഗീതം അതിലൊന്നാണ് കുട്ടിക്കാലം"......


ഒരു രസത്തിനു സമയം ചിലവഴിക്കാന്‍ ബ്ലോഗെഴുതി തുടങ്ങിയതാണ്,

അതുകൊണ്ട് തന്നെ ഇനിയെന്തെഴുതും എന്ന് കുറേ ആലോചിച്ചു. കടിച്ചാല്‍

 പൊട്ടാത്ത വാക്കുകള്‍ കൊണ്ട് കാവ്യ ശകലങ്ങളും സാഹിത്യം കലര്‍ന്ന നല്ല 

കഥകളും ഒന്നും തന്നെ  എനിക്ക് തീരെ വഴങ്ങില്ല എന്ന് പൂര്‍ണ്ണ ബോധ്യമുണ്ട്. അത്

കൊണ്ട് ഞാനെന്‍റെകുട്ടിക്കാലം  ഒന്നോര്‍ത്തു.


                                                 അപ്പോഴാണ് വീട്ടില്‍ ആട്ടിന്‍

കുട്ടികളുമൊത്ത് കളിച്ചു രസിച്ചു നടന്ന ആ നല്ല   കാലം

ഓര്‍മ്മയിലേക്ക് വന്നത്, എനിക്ക് ഓര്‍മ്മ

വെച്ച നാള്‍ മുതല്‍ വീട്ടില്‍ ആടിനെയും ഞാന്‍ കണ്ടിട്ടുണ്ട്

അത് കൊണ്ട് തന്നെ അവ 

വീട്ടിലെ ഒരംഗം പോലെ തന്നെയായിരുന്നു. ഉമ്മക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു കാര്യമാണ് 

ആട് വളര്‍ത്തല്‍, എന്ന് വച്ച് പത്തന്‍പത് ആടുകളൊന്നും ഇല്ല കേട്ടോ

ഒന്നോ രണ്ടോ ആടുകള്‍ പിന്നെ അതിന്‍റെ കുസൃതി നിറഞ്ഞ രണ്ടു ആട്ടിന്‍ കുട്ടികള്‍, 

ഇതില്‍ കൂടുതല്‍ ആയാല്‍ ഉമ്മ ഒന്നിനെ വില്‍ക്കും വീണ്ടും അതെ അംഗ സംഖ്യ. ഉമ്മ 

അവരോടു ഞങ്ങളോടെന്നപോലെ സംസാരിക്കുകയും  ചിരിക്കുകയും  ചിലപ്പോള്‍ 

ശകാരിക്കുകയുമൊക്കെ ചെയ്യുന്നത് കാണാം.  


                                                        ഞങ്ങള്‍ രണ്ടു പേര്‍ ഞാനും എന്‍റെ അനുജത്തിയും, അത്

 കൊണ്ടായിരിക്കാം എപ്പോഴും ആട് ഞങ്ങള്‍ക്ക് രണ്ടു കുട്ടികളെ സമ്മാനിക്കും

ഒന്നെനിക്കും ഒന്നവള്‍ക്കും, സ്കൂള്‍ വിട്ടു വീട്ടിലെത്തിയാല്‍ ചായ എടുത്ത് വച്ച് ഉമ്മ

പാടത്തേക്ക്‌ പോകും ഞങ്ങള്‍ ചായ കുടിച്ചു തീരുമ്പോഴേക്കും ആടും കുട്ടികളുമായി 

ഉമ്മ വീട്ടിലെത്തും പിന്നെ ഞങ്ങള്‍ അവരവരുടെ ആട്ടിന്‍ കുട്ടികളെ എടുത്ത് കളി 

തുടങ്ങും, കളി എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ ചിലതൊക്കെ അവരെ പഠിപ്പിച്ചു തുടങ്ങും തല 

കൊണ്ട് കുത്താനും കൈ കൊടുത്ത് ഹലോ പറയാനുമൊക്കെ, പിന്നെ ഓട്ട മത്സരമാണ്

ആട്ടിന്‍ കുട്ടികളെ പിന്നില്‍ വച്ച് ഞങ്ങള്‍ രണ്ടു പേരും മുന്നില്‍ ഓടിത്തുടങ്ങും,പിന്നാലെ 

ആട്ടിന്‍ കുട്ടികളും ഓടി തുടങ്ങും,   മോഹന്‍ലാലിനെ തോല്പിക്കുന്ന വിധം ഒരുഭാഗം

ചെരിച്ചു വച്ച് ശരീരമാസകലം ഇളക്കി തുള്ളി തുള്ളി ഓരോട്ടമുണ്ട്


                                                                   ഒരുപാട് നേരം അവറ്റകളെ ഇങ്ങനെ

ഞങ്ങളുടെ ചൊല്പടിക്ക് നടക്കാന്‍ നിര്‍ബന്ധിക്കുമ്പോള്‍  അപ്പുറത്ത്

നിന്നും ഉമ്മ പറഞ്ഞു തുടങ്ങും "ഇനി മതി രണ്ടാളും കളി നിര്‍ത്തി ഓലെ

രണ്ടാളേം ങ്ങോട്ട് എടുത്തോ പാല് കൊടുക്കട്ടെ " അത് ചെവി

കൊള്ലാതെ കളി തുടരുമ്പോ ഉമ്മ തന്നെ വന്നു രണ്ട് ആട്ടിന്‍ കുട്ടികളെയും

രണ്ട് കൈകളിലായി എടുത്ത് അവരോടു സംസാരിച്ച് കൊണ്ട്[" മ്മച്ചി

മക്കക്ക് പാല് കുടിക്കണ്ടേ, ദേ അമ്മ വിളിക്കിണ്ട് പിന്നെ 

ആടിനോടായി വിളിച്ചു പറയും ദാ......ഇപ്പൊ വരാ ഞങ്ങള്‍ കളിക്കേനി"]

എന്നും പറഞ്ഞ് കൂട്ടിലേക്ക് പോകും.  അതോടെ അന്നത്തെ കളി 

അവസാനിച്ചു എന്നര്‍ത്ഥം. ഇപ്പോഴും ഉണ്ട് വീട്ടില്‍ ആടുകള്‍ ഞാന്‍

വീട്ടിലേക്ക്‌ വിളിക്കുമ്പോള്‍ ഉമ്മ ഇപ്പോഴുള്ള ആടുകളെ കുറിച്ച് പറയും

അപ്പോഴെല്ലാം ഞാനെന്‍റെ കുട്ടിക്കാലം ഒന്നോര്‍ത്തു പോകും.


                                                    ആട്ടിന്‍ കുട്ടികളെ  കുറിച്ച് ഓര്‍ത്തപ്പോള്‍ എന്‍റെ

മനസ്സില്‍ കയറി വന്ന ചില ഓര്‍മ്മകള്‍ വളരെ ചുരുക്കത്തില്‍  നിങ്ങളുമായി പങ്കു

വെക്കാമെന്ന് കരുതി എഴുതിയതാണ്. വല്ല പാക പിശകും ഉണ്ടങ്കില്‍ നിങ്ങള്ക്ക് അഭിപ്രായങ്ങള്‍

പറയാം. അടുത്ത തവണ ഒര്തെഴുതുമ്പോള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കാം..... :) :) :)

                                                        

9/05/2012

വിനോദയാത്ര......

                             ഇന്ന് ഞാന്‍ നിങ്ങളെ ഒരു ചെറിയ വിനോദത്രക്ക് കൂട്ടിക്കൊണ്ട് പോകാന്‍ ഒരു ശ്രമം നടത്തുകയാണ് എല്ലാവരും സഹകരിക്കുക.....

 ഷാര്‍മ് അല്‍ ഷെയ്ഖ്‌  

      "ഷാര്‍മ് അല്‍ ഷെയ്ഖ്‌  "       [ sharm-el-sheikh ]...........             ചരിത്ര പ്രസിന്ധമായ  സിനായ് മലകളുടെ താഴ്വാരം, മനോഹരമായ ചെങ്കടലിന്‍റെ തീരം, ഈജിപ്തിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം. അഞ്ചു മിനിറ്റിന്‍റെ ഇടവേളകളില്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും വിമാനങ്ങള്‍ വന്നു കൊണ്ടേയിരിക്കും ചുരുക്കി പറഞ്ഞാല്‍ നമ്മുടെ  നാട്ടില്‍ സിറ്റി ബസ്സുകള്‍ വരുന്നതിലും കുറഞ്ഞ സമയ ദൈര്‍ഘ്യത്തില്‍. ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും ഇതിനു മാത്രം എന്ത് കോപ്പാണവിടെയുള്ളത് എന്ന്. ഇവിടെ വന്നു ഇതൊക്കെ കണ്ടപ്പോള്‍ എനിക്കു മാത്രമല്ല എന്‍റെ സുഹൃത്തുക്കള്‍ക്കും ഇതേ ചോദ്യം മനസ്സില്‍ വന്നതാണ്‌. പണം ഒരുപാട് കയ്യില്‍ ഉണ്ടാകുമ്പോള്‍ അതൊഴിക്കി കളയാന്‍ പുതിയ പുതിയ സ്ഥലങ്ങളെ തേടുന്നവര്‍ക്ക്‌ അല്ലെങ്കില്‍ വിനോദ സഞ്ചാരം ഒരു ജീവിതാഭിലാശമക്കിയവര്‍ക്ക് വേണ്ടി വര്‍ഷങ്ങള്‍ക്ക്‌ മുമ്പ് ഈജിപ്ത് കേട്ടിപ്പടുത്തതാണീ സ്ഥലം. ഒരു ഭാഗത്ത് ചരിതം ഉറങ്ങുന്ന സിനായ് മലകള്‍ മറുഭാഗത്ത്‌ കണ്ണാടിയെ പോലും തോല്പിക്കുന്ന ഇളം നീല നിറത്തില്‍ ശബ്ദമുണ്ടാക്കാതെ വളരെ ലോലമായി തിരയടിക്കുന്ന ചെങ്കടല്‍ ഇതിനു നടുവില്‍ അഭംഗിയോടെ ചരല്‍ മണലുകള്‍ നിറഞ്ഞ ഒരു പ്രദേശം അതിനെ ഒന്ന് പച്ച പിടിപ്പിച്ചാലോ എന്ന് വര്‍ഷങ്ങള്‍ക്കു മുംബ് ഏതോ ഒരു ഈജിപ്തുകാരന്‍ ചിന്തിച്ചതിന്‍റെ ഫലമാണ് ഇന്നത്തെ "ഷാര്‍മ് അല്‍ ഷെയ്ഖ്‌"....

                                     അങ്ങനെ കെട്ടിപ്പടുത്ത ഈ സ്ഥലം ഇപ്പോള്‍ വളരെ മനോഹരമായിരിക്കുന്നു,  ഈജിപ്തിലെ മറ്റു പല പ്രദേശങ്ങളിലെയും [തലസ്ഥാനമായ കെയ്റോ അടക്കം] പാതകളെ അമ്പരിപ്പിക്കുന്ന തരത്തില്‍, അറേബ്യന്‍ നാടുകളിലെ മിന്നുന്ന പാതകളോട് കിട പിടിക്കുന്ന നിരത്തുകള്‍. നടുവിലായി നമ്മളെ നോക്കി പുഞ്ചിരിക്കുന്ന മനോഹരമായ പുഷപ്ങ്ങളും പച്ചപ്പുല്ലുകളും അവക്ക്‌ തണലായി ഇടക്കിടെ ഈന്തപ്പനകളും  രണ്ടു വശങ്ങളിലുമായി ഒന്നിനോട് ഒന്ന് ഉമ്മ വെക്കും വിധം റിസോര്‍ട്ടുകളും ഹോട്ടലുകളും ഇടക്ക് ചില ചെറിയ നടപ്പാതകള്‍ ഷോപ്പിംഗ്‌ മാളുകള്‍, ഈജിപ്തിന്‍റെ പൈതൃകമായ നൃത്തങ്ങളുടെയും അറേബ്യന്‍ ബെല്ലി ഡാന്‍സിന്‍റെയും അകമ്പടിയോടെ ഉള്ള റെസ്റ്റോറന്‍റുകള്‍,  നമ്മളെ മാടി വിളിക്കുന്ന തുള്ളിച്ചാടി കുടിക്കാവുന്ന കള്ള് ഷാപ്പുകള്‍ [dance pubb], വിശ്വാസികള്‍ക്കായി മസ്ജിദുകളും, ചര്ച്ചുകളും. ഇതെല്ലാം വിദേശികള്‍ക്കായി അണി നിരക്കുമ്പോള്‍ ഇവിടെ ജോലി ചെയ്യുന്നവര്‍ക്കായി ഒരു ചന്തയും ഉണ്ട് ഇവിടെ, അതിനെ പേരിട്ടിരിക്കുന്നത് തന്നെ ഓള്‍ഡ്‌ മാര്‍ക്കറ്റ്‌ എന്നാണ്. ഇതും വിദേശികള്‍ക്ക് കൌതുകമുണര്തുന്ന രീതിയില്‍ തന്നെയാണുള്ളത്.

 



ചെങ്കടല്‍

                                                ഇനി നമുക്ക്‌ ചെങ്കടലിലേക്ക് ഒന്ന് ഇറങ്ങി നോക്കാം, പേരിനോട് നീതി പുലര്‍ത്താതെ ഇളം നീല നിറത്തില്‍ കണ്ണെത്താ ദൂരത്തേക്ക് വ്യാപിച്ചു കിടക്കുന്ന മനോഹരമായ കടല്‍. തീരങ്ങളില്‍  ഇരിക്കാനും കിടക്കാനും ഒക്കെ ഒരിക്കിയിരിക്കുന്ന കസേരകള്‍ അതിനു മുകളില്‍ നമ്മള്‍ മലയാളികള്‍ക്ക് നാണം തോന്നും വിധം അല്‍പവസ്ത്രത്തില്‍ നിരന്നു കിടക്കുന്ന വിദേശികള്‍  തണലേകാന്‍ വിവിധ വര്‍ണങ്ങളിലുള്ള കുടകള്‍. അവര്‍ക്ക് ചുറ്റും ഭക്ഷണങ്ങളും പാനീയങ്ങളുമായി ഹോട്ടല്‍ ജീവനക്കാര്‍. ഇവിടെ എന്നെ അത്ഭുതപ്പെടുത്തിയത്‌ കടലില്‍ ആദ്യ കാല്‍ വക്കുമ്പോള്‍ തന്നെ നമ്മുടെ കണ്ണുകളെ  കോരിത്തരിപ്പിക്കുന്ന
 വിധത്തില്‍  വര്‍ണ്ണമത്സ്യങ്ങള്‍ നമുക്ക് ചുറ്റും ഓടിക്കളിക്കും എന്നതാണ്. കുറച്ചകലെ സ്പീഡ്‌ ബോട്ടുകളിലും പരചൂട്ടുകളിലും ഒക്കെ ഉല്ലസിക്കുന്ന ആളുകള്‍, വലിയ ബോട്ടുകളില്‍ നിന്ന് ഒരു കൂട്ടം ആളുകള്‍ പിന്നില്‍ ഓക്സിജന്‍ സിലണ്ടര്‍ എല്ലാം വച്ച് കെട്ടി കടലിലേക്ക് എടുത്തു ചാടുന്നത് കാണാം, കടലിന്റെ ആഴങ്ങളില്‍ ചെന്ന് അവിടുത്തുകാരോടൊത്ത് സല്ലപിക്കാന്‍ പോകുന്നവരാണവര്‍......

                                           ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞ വര്ഷം  "ഷാര്‍മ് അല്‍ ഷെയ്ഖിനെ" കിടുകിടാ വിറപ്പിച്ച ഒരു സംഭവമുണ്ടായി, എന്താണന്നല്ലേ സ്രാവ് വേട്ട അതായിരുന്നു സംഭവം. ഇത് കേട്ടു ഇവിടുത്തുകാര്‍ ഒരു കൂട്ടം സ്രാവിനെ വേട്ടയാടി എന്നാണ് കരുതിയതെന്കില്‍ തെറ്റി. നേരെ തിരിച്ചായിരുന്നു സംഭവം കടലില്‍ രോഷാകുലനായ ഒന്നോ ഒന്നില്‍ കൂടുതലോ സ്രാവുകള്‍ പാതിനഞ്ചോളം വിദേശികളുടെ ജീവനെയാണ് പലയിടത്ത് നിന്നായി  കൊണ്ട് പോയത്. ഒരു നിമിഷം അവര്‍ക്ക് വേണ്ടി നമുക്ക്‌ പ്രാര്‍ത്ഥിക്കാം. ഇതോടെ കടലിലേക്കുള്ള പ്രവേശനം താല്‍കാലികമായി നിര്‍ത്തി വച്ചു. വാര്‍ത്ത ലോകമെമ്പാടും പരന്നു വിദേശികളുടെ വരവ് കുറഞ്ഞു. കടലിലും തീരത്തും വിധഗ്തര്‍ കാവലിരുന്നു, ഏതാണ്ട് ഒന്നര മാസത്തോളം ഇത് തുടര്‍ന്നു. ഇതിനിടയില്‍ മൂന്നോ നാലോ സ്രാവിനെ ഇവര്‍ പിടികൂടിയതായി വാര്‍ത്ത വന്നു, പക്ഷെ അത് തന്നെയാണോ അപകടകാരികള്‍ എന്ന് ആര്‍ക്കും അറിയില്ല, ഇതെങ്ങനെ സംഭവിച്ചു എന്നുള്ള ചോദ്യത്തിന് ഇവിടുത്തുകാര്‍ നല്‍കിയ മറുപടി പലതായിരുന്നു. അബന്ധത്തില്‍ തീരത്തിനടുത്തെത്തിയ സ്രാവ് ഒരാളെ ആക്രമിക്കുകയും ശേഷം രുചിയറിഞ്ഞ സ്രാവ് പലയിടങ്ങളിലായി അക്രമം നടത്തുകയായിരുന്നു എന്ന് ഒരു കൂട്ടര്‍, മറ്റു ചിലര്‍ പറയുന്നു ഞങ്ങളെ തകര്‍ക്കാന്‍ വേണ്ടി ഇസ്രായേല്‍ കരുതിക്കൂട്ടി പുറത്തുവിട്ട സ്രാവായിരുന്നു എന്ന്, ഇനിയൊരു വാദം ഇതായിരുന്നു കടലില്‍ ആരോ കശാപ്പ് ശാലയിലെ അവശിഷ്ടം ഉപേക്ഷിച്ചതിനെ തുടര്‍ന്നു സ്രാവ് വരികയും മനുഷ്യനെ കണ്ടപ്പോള്‍ ആക്രമിക്കുകയായിരുന്നു എന്നുമാണ്. സ്രാവ് കുളിസീന്‍ കാണാന്‍ വന്നതാണെന്ന് ഭാഗ്യത്തിന് ആരും പറഞ്ഞില്ല എന്നാശ്വസിക്കാം. എന്ത് തന്നെയായാലും ഇതോടെ ഇവിടം നിശ്ചലമായി തുടങ്ങിയിരുന്നു, ഓടി നടന്നു ജോലി ചെയ്തിരുന്ന ഹോട്ടല്‍ ജീവനക്കാരെല്ലാം വെറുതെയിരുന്നു ബോറടിച്ചു തുടങ്ങി, ചില സ്ഥലങ്ങളില്‍ ജീവനക്കാര്‍ക്ക് ദീര്‍ഘകാല അവധികള്‍ വരെ കൊടുത്തു തുടങ്ങി. അങ്ങനെ ഈ സംഭവമൊന്നു കെട്ടടങ്ങും മുമ്പ് ഈജിപ്ത് ഒന്നടങ്കം പ്രക്ശോഭാത്തിലെക്ക് പോയതോടെ വീണ്ടും ഇവിടം നിശ്ചലമായി തുടങ്ങി.
 
                                               എന്തൊക്കെയായാലും ഇപ്പൊ അതെല്ലാം ഒന്ന് ഒതുങ്ങി പച്ചപിടിച്ചു തുടങ്ങിയിരിക്കുന്നു വീണ്ടും. ഇനിയിതങ്ങോട്ടു ഇങ്ങനെ തന്നെ പോകട്ടെ എന്ന് ആശംസിച്ചു കൊണ്ട്...............





 അതോടൊപ്പം തന്നെ നമ്മുടെ സുന്ദര കേരളം പുതിയ എമേര്‍ജിംഗ് കേരളയുമായി മുന്നോട്ട് പോകുമ്പോള്‍ അതില്‍ കള്ളവും ചതിയുമില്ലാതെ നമ്മുടെ സ്വപ്നങ്ങളെ തകര്‍ക്കാതെ ചരിത്രങ്ങള്‍ ആവര്‍ത്തിക്കാതെ ഇത് വിജയിക്കുമോ എന്ന ഒരു ജിജ്ഞാസയോടെ, പ്രത്യാശയോടെ നമുക്ക്‌ കാത്തിരിക്കാം................ 
                                     

9/04/2012

ചില നിമിഷങ്ങള്‍.......



                         എന്റെ ബ്ലോഗിനെ പ്രോത്സാഹിപ്പിച്ച എനിക്ക് ആശംസകള്‍ അര്‍പ്പിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും ഒരിക്കല്‍ക്കൂടി ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞു കൊണ്ട് ഞാനെന്‍റെ രണ്ടാമത്തെ പോസ്ടിലെക്ക് കടക്കുന്നു...... എന്താണ് എഴുതേണ്ടത് എന്ന് ഒരു പിടിയുമില്ല. തല്ക്കാലം ഇന്ന് ഞാന്‍ എനിക്കും എന്റെ സുഹൃത്തുക്കള്‍ക്കും ഇവിടെ ഈജിപ്തില്‍ ചാറ്റിങ് മൂലമുണ്ടായ ചില അനുഭവങ്ങള്‍ പങ്കു വക്കാം. നിങ്ങളെ ബോറടിപ്പിക്കില്ല എന്നാ വിശ്വാസത്തോടെ.......... അല്ലെങ്കില്‍ ഇത് വായിച്ചിട്ട് നിങ്ങളുടെ അഭിപ്രായങ്ങള്‍ / തെറികള്‍ ആണെങ്കില്‍ അതും പ്രതീക്ഷിച്ചു കൊണ്ട്........ 



ചാറ്റിങ് വിളയാട്ട്

                          ഞങ്ങള്‍ മൂന്നു പേര്‍ ഒരേ ദിവസം ജോലിക്ക് പ്രവേഷിച്ചവര്‍, അതിലുപരി ഒരേ മുറിയില്‍ അന്തി ഉറങ്ങുന്നവരും. അതുകൊണ്ട് തന്നെ ഞങ്ങളുടെ   സൗഹൃതവും പെട്ടെന്ന് ദ്രിഢമയി. ഒഴിവു സമയം ചിലവഴിക്കാന്‍ ആകെയുള്ളത് ഇന്റെനെറ്റ് മാത്രം. പക്ഷെ അന്നതുപയോഗിക്കാന്‍ ഞങ്ങള്‍ക്ക്‌ ലാപ്ടോപ്പോ കമ്പ്യൂട്ടറോ ഇല്ലായിരുന്നു  , നാട്ടിലേക്ക് നെറ്റ് വഴി വിളിക്കാന്‍ ആദ്യ ശമ്പളത്തില്‍ വാങ്ങിയ 3G മൊബൈല്‍ അതായിരുന്നു എല്ലാവരുടെയും ആശ്വാസം. അങ്ങനെയിരിക്കെ പുറത്തു വെച്ച് കണ്ടു മുട്ടിയ മറ്റൊരു സുഹൃത്ത്‌ ഞങ്ങളെ നിംബസ്സിനെ  [Nimbuzz!] പരിജയപ്പെടുത്തി. ["Nimbuzz! അടുക്കും തോറും അകലുന്ന ഒരു മഹാ സാഗരം"]  അത് ഉപയോഗിച്ച് തുടങ്ങിയതോടെ ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്ന പരസ്പര സംഭാഷണങ്ങള്‍ കുറഞ്ഞു തുടങ്ങി, എല്ലാവരും ചാറ്റ് റൂമിലെ പെണ്‍കുട്ടികളെ തിരയുന്ന തിരക്കിലാണ് അത് തന്നെ കാരണം പിന്നെ പിന്നെ ഒരാള്‍ക്ക് മറ്റേയാളുടെ മേല്‍ അസൂയയും കുശുമ്പും എല്ലാം വന്നു തുടങ്ങി. കാരണം ഇതായിരുന്നു മറ്റുള്ളവര്‍ പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്യുബോഴുണ്ടാകുന്ന അരിശം. ദിവസങ്ങള്‍ മുന്നോട്ട് നീങ്ങി കൈ വിരലുകള്‍ മാത്രം സംസാരിച്ചു തുടങ്ങി, ഞങ്ങള്‍ തമ്മില്‍ സംസാരിക്കുന്ന സമയം ഭക്ഷണം കഴിക്കുമ്പോള്‍ മാത്രമായിരുന്നു നിര്ഭാഗ്യമെന്നോ ഭാഗ്യമെന്നോ പറയാം അവിടെ സിഗ്നല്‍ കിട്ടില്ലായിരുന്നു, ഒരു പക്ഷെ അവിടെയും സിഗ്നല്‍ ഉണ്ടായിരുന്നങ്കില്‍ ഒരു കൈ ഭക്ഷണത്തിനും മറു കൈ ചാറ്റിങ്ങിനും ആയി മാറിയേനെ, അവിടെയും സംസാരം ഇതിനെ പറ്റി തന്നെയായിരുന്നു, ഓരോരുത്തരും അവരവരുടെ ഗേള്‍ഫ്രണ്ടിനെ പറ്റി വാതോരാതെ സംസാരിക്കും മറ്റുള്ളവര്‍ മനസ്സിലുള്ള അസൂയയെയും സങ്കടത്തെയും നിരാശയെയും ഉള്ളിലൊതുക്കി തലയാട്ടി ചിരിക്കും പിന്നെ നിരാശയോടെ ചില കമന്‍റും അടിക്കും,  

                                              അങ്ങനെ ഒരു ദിവസം ഒരുവനു ഒരു പുതിയ പെണ്‍ സുഹൃത്തിനെ കിട്ടി. അതും ഒരു മലയാളി യുവതി, അന്ന് അവന്‍ ഉറക്കമില്ലാത്ത രാത്രിയായിരുന്നു. പിന്നീടങ്ങോട്ട് അവനെ ഭക്ഷണം പോലും കഴിക്കാന്‍ കിട്ടില്ലായിരുന്നു, ഞങ്ങള്‍ രണ്ടു പേരും ഒരുപോലെ അവന്റെ മേല്‍ അസൂയ പൂണ്ടു. കിട്ടാത്ത മുന്തിരി പുളിക്കും എന്നാണല്ലോ.... ഈ മുന്തിരി ഞങ്ങള്‍ക്ക്‌ ഒരുപാടു പുളിയുള്ളതയിരുന്നു. അതുകൊണ്ട് തന്നെ ആ id യിലേക്ക്‌ ഞങ്ങളും അയച്ചു ഒരു അപേക്ഷ. പക്ഷെ അത് നിരസിക്കപ്പെടുകയും മറ്റൊരു പേരില്‍ ഇങ്ങോട്ട് ഒരു അപേക്ഷ വരുകയും ചെയ്തപ്പോള്‍ ഇത് അവളല്ല എന്നും  അവനാണെന്നും ഞങ്ങള്‍ക്ക് മനസ്സിലായി അവള്‍  കാര്യങ്ങളെല്ലാം ഞങ്ങളോട് പറയുകയും ചെയ്തു അതായത്‌ ഞാനൊരു ആണാണെന്നും ഒരു തമാശക്ക് ഞങ്ങളുടെ സുഹൃതുമായ്‌ ചാറ്റി തുടങ്ങിയതാണെന്നും എന്നാല്‍ അവന്‍ ഗൌരവമായി എടുക്കുകയും ചെയ്തു എന്നും ഇപ്പോള്‍ അഗാധമായ പ്രണയത്തിലനെന്നും ഒക്കെ. ഇതവനോട് പറയരുതെന്നും പറഞ്ഞു. അത് കേട്ടപ്പോള്‍ ഞങ്ങള്‍ക്കെന്തോ സ്വര്‍ഗം കിട്ടിയ പോലെയായിരുന്നു, സന്തോഷം കൊണ്ട് ഇരിക്കാനും നിക്കാനും വയ്യാതായി. എന്തായാലും ഇതങ്ങനെ തന്നെ പോകട്ടെ എന്ന് ഞങ്ങളും കരുതി, അങ്ങനെ ആ അഞ്ജാതന്‍ അവനുമായി കാമുഖിയായും ഞങ്ങളോട് സുഹൃത്തായും ചാറ്റി തുടങ്ങി. ഇതിനിടയില്‍ അവര്‍ തമ്മില്‍ മധു വിധു വരെ ചാറ്റിങ്ങിലൂടെ നടത്തിയിട്ടുണ്ട് എന്ന് കേട്ടപ്പോള്‍ ചിരിയും സങ്കടവും എന്തൊക്കെയോ തോന്നി.

                                         സംഗതി ഇത്രക്കായപ്പോള്‍ അവന്‍ [സുഹൃത്തിന്റെ കമുഖി] എന്തോ ചില നുണകള്‍ പറഞ്ഞു അവനുമായുള്ള ചാറ്റിങ് അവസാനിപ്പ്പിച്ചു. അതിനു ശേഷം അവന്‍ ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു... ഒരു തരം അണ്ടി പോയ അണ്ണനെപ്പോലെ....  കാര്യങ്ങളെല്ലാം അവനോടു തുറന്നു പറയണമെന്നുണ്ടായിരുന്നു, പക്ഷെ അതവനെ കൂടുതല്‍ ദുഃഖതിലക്കുമെന്നു കരുതി പറഞ്ഞില്ല, അതിലുപരി ഞങ്ങളോടുള്ള അവന്റെ  മനോഭാവം മാറുമോ എന്നുള്ള ഭയവും ഉണ്ടായിരുന്നു. എന്തായാലും അതിനു ശേഷം അവനും ഇങ്ങനെയുള്ള അബന്ധങ്ങള്‍ സംഭവിക്കാം അല്ലെങ്കില്‍ സംഭാവിചിട്ടുണ്ടാകാം എന്നുള്ള തിരിച്ചറിവോടെ ഞങ്ങളും രാപകലുള്ള നിംബസ്‌ [Nimbuzz!] ഉപയോഗം ഒന്ന് കുറച്ചു എന്ന് തന്നെ പറയാം.

                                              ഇപ്പോള്‍ അവന്‍ ഇവിടെയില്ല ജോലി ഉപേക്ഷിച്ചു നാട്ടില്‍ [തമിഴ്‌നാട്] പോയി ഒരു കട ഒക്കെ തുറന്നു പെണ്ണന്വേഷിച്ചു നടക്കുന്നു. അവനു മലയാളം വായിക്കാന്‍ അറിയില്ല എന്ന ഒരൊറ്റ ധൈര്യത്തിലാണ് ഞാനിതിവിടെ എഴുതിയത്. ഇനി നാട്ടില്‍ പോയിട്ട് വേണം ഇതെല്ലം അവനോട് പറയാന്‍ ഇങ്ങനെ ഒരു ബ്ലോഗ്‌ എഴിതിയതിനെ കുറിച്ചും. അതിനു സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ...............

                                             
                                            



                                        

9/03/2012

എല്ലാവര്‍ക്കും എന്‍റെ വിനീതമായ നമസ്കാരം......

                                    ബ്ലോഗില്‍ ആദ്യമായ്‌ ഹരിശ്രീ കുറിക്കാന്‍ വന്നതാണ്‌ . ഇതിനു മുമ്പ് ഒരു ചെറു കഥ പോലും എഴുതി പരിച്ചയമില്ല, അത് കൊണ്ട് തന്നെ ഇതെവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നൊന്നും എനിക്കറിയില്ല. എന്നിരുന്നാലും ഞാനൊന്നു ശ്രമിച്ചു നോക്കട്ടെ ചിലപ്പോ ഞമ്മളെ മാവും പൂത്താലോ !!!!!!!!!!!

                               
                                   ഇനി എന്നെക്കുറിച്ച് പറയാം എന്‍റെ പേര് ആരിഫ്‌, ഇപ്പോള്‍ ഇവിടെ ഈജിപ്തില്‍ ജോലി ചെയ്യുന്നു, ഒഴിവു സമയം ചിലവഴിക്കാന്‍ എനിക്ക് കൂട്ട് ഇന്റര്‍നെറ്റ്‌ മാത്രമേയുള്ളൂ. അതുകൊണ്ടാണ് ഞാനീ അക്രമത്തിനു മുതിരുന്നത് തന്നെ.... എന്‍റെ ഒരു സുഹൃത്തിന്‍റെ ഇടപെടലും  കൂടെ ഉണ്ട് ഇതിന്റെ പിന്നില്‍ ഉണ്ട് അവനും എന്നെപ്പോലെ ഇന്റര്‍നെറ്റിനെ ആശ്രയിച്ചു ജീവിക്കുന്ന ഒരു പാവം പ്രവാസിയാണ്, പക്ഷെ അവന്‍ എന്നെപ്പോലെയോന്നുമല്ല കേട്ടോ എഴുതി ഫലിപ്പിക്കാന്‍ മിടുക്കനാ [റഹീമേ നിന്നെ തന്നെയാ ഉദ്ദേശിച്ചത് :) ]......

                                 അങ്ങനെ ഇന്നദ്യമായ് ഞാന്‍ ബ്ലോഗില്‍ ചിലത് കുത്തിക്കുരിചിരിക്കുന്നു ഇന്നത്തേക്ക്‌ ഇവിടെ നിരത്തുന്നു എന്‍റെ തുടര്‍ന്നുള്ള പോസ്റ്റുകള്‍ നിങ്ങള്‍ക്ക്‌ ദഹിക്കുമെങ്കില്‍ വായിക്കണം എന്നുള്ള അഭ്യര്‍ത്ഥനയോടെ എല്ലാവര്ക്കും ശുഭ രാത്രി.....