10/07/2012

ഏകാന്തത...!

ഏകാന്തത ......!


                                 ഏകാന്തത,  ഒരുപാട് തലങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ് ഈ ഒരവസ്ഥ. ചിലപ്പോള്‍ അത് വളരെ അസഹനീയവും ചിലപ്പോള്‍ സുഖവും സങ്കടവും എല്ലാം മാറി മാറി വരുന്ന ഒരവസ്ഥ, കഴിഞ്ഞ നാല് മാസക്കാലമായി ഞാനിത് അനുഭവിക്കുന്നു. ആദ്യമൊക്കെ ഒരുപാട് വിഷമമുണ്ടായെങ്കിലും പിന്നീടെപ്പോഴോ ഞാനതിനോട് പൊരുത്തപ്പെട്ടു തുടങ്ങി എന്നുള്ളതാണ് സത്യം. എന്നാലും ചില നിമിഷങ്ങള്‍ ഇപ്പോഴും എനിക്ക്  വിഷമവും സങ്കടവും എല്ലാം തന്നു കൊണ്ടിരിക്കുന്നു. 


                           ഇതേ സമയം ഈ ഏകാന്തത ആഗ്രഹിക്കുന്ന ചില നിമിഷങ്ങളും കടന്നു വരാറുണ്ട്, പലപ്പോഴും വന്നിട്ടുമുണ്ട്. അപ്പോഴെല്ലാം പൂര്‍ണ്ണമായി ഒറ്റക്കിരിക്കാന്‍ സാധിച്ചിട്ടില്ല, ഇപ്പോള്‍ ഇതാ അതിനെല്ലാം പ്രതിഫലം എന്ന പോലെ ഏകാന്തത എന്നെ തേടി വന്നിരിക്കുന്നു. സുഖത്തെക്കാളേറെ ദുഃഖവും സങ്കടവും മാത്രമേ എനിക്ക് അതില്‍ നിന്നും കിട്ടിയിട്ടുള്ളൂ. 

                     
                        മറക്കാന്‍ ശ്രമിക്കുന്ന അല്ലങ്കില്‍ മറന്നു പോകേണ്ട പലതും ഇങ്ങനെ എങ്ങും പോകാതെ മനസ്സിന്‍റെ തീരത്ത് അലയടിച്ചു കൊണ്ടിരിക്കും, ഒരു തിര അടങ്ങിയാല്‍ മറ്റൊന്ന് തൊട്ടു പിറകെ അങ്ങനെ അടിച്ചു കൊണ്ടേയിരിക്കും. എല്ലാ  സൗകര്യങ്ങള്‍ ഉണ്ടായിട്ടും ഈ ഏകാന്തത ഇത്രയൊക്കെ എന്നില്‍ ചെയ്ത് കൂട്ടുന്നുണ്ടെങ്കില്‍ ഒന്നുമില്ലാതെ തിരിഞ്ഞു നോക്കിയാല്‍ ഒരു നിമിഷമെങ്കിലും മനസ്സിനെ കുളിരണിയിക്കുന്ന ഓര്‍മ്മകള്‍ പോലുമില്ലാതെ ഒരു വ്യാഴവട്ടക്കാലം മുഴുവന്‍ ഈ ഏകാന്തതയില്‍ ജീവിക്കുന്ന/ജീവിച്ചിരുന്ന ജന്മങ്ങളെ ഞാനോര്‍ക്കാറുണ്ട് പലപ്പോഴും .

               
                        ഇങ്ങനെ ഏകാന്തതയിലേക്ക് തള്ളപ്പെട്ട ഒരുപാട് പേര്‍ അനുഭവിക്കുന്ന വേദന അതെന്തായിരിക്കും എങ്ങിനെയായിരിക്കും എന്ന് എനിക്കിപ്പോള്‍ ഊഹിക്കാന്‍ കഴിയും. അവരോരോരുത്തരും ആഗ്രഹിക്കുന്നുണ്ടാകും, അവരെ മനസ്സിലാക്കുന്ന അവരോടൊപ്പം സമയം ചിലവഴിക്കുന്ന സ്നേഹ നിധിയായ  ഒരു പങ്കാളിയെ,  അതാരുമാവാം സുഹൃത്ത്‌, ഭാര്യ, ഭര്‍ത്താവ്, സഹോദരന്‍, സഹോദരി അങ്ങനെ സ്നേഹം പകരുന്ന ആരെങ്കിലും. എങ്കിലേ അവരുടെ മനസ്സിലെ തിര അടങ്ങൂ അല്ലങ്കില്‍ അതിങ്ങനെ അല അടിച്ചു കൊണ്ടേയിരിക്കും.   

                            

അഭിപ്രായങ്ങളൊന്നുമില്ല: